OpenAI ഫൗണ്ടേഷൻ

OpenAI ഫൗണ്ടേഷനെക്കുറിച്ചുള്ള അപ്‌ഡേറ്റ്

OpenAI ഫൗണ്ടേഷന്റെ ഡയറക്ടർ ബോർഡിന്റെ ചെയർമാനായ ബ്രെറ്റ് ടെയ്‌ലറിൽ നിന്നുള്ള ഒരു കുറിപ്പ്

ലേഖകൻ Bret Taylor

OpenAI ഫൗണ്ടേഷനു ഗണ്യമായ വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കിക്കൊണ്ട് കഴിഞ്ഞ ശരത്കാലത്ത്, OpenAI അതിന്റെ റീക്യാപിറ്റലൈസേഷൻ പ്രഖ്യാപിച്ചു. ഇന്ന്, ഫൗണ്ടേഷൻ ആ പിന്തുണ എങ്ങനെ പ്രാവർത്തികമാക്കുന്നു എന്നത് ഞങ്ങൾ പങ്കുവെക്കുന്നു. 

ഞങ്ങളുടെ ദൗത്യം

ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് മുഴുവൻ മനുഷ്യരാശിക്കും പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഇത് ഒരു ബഹുമുഖ ശ്രമമാണ്. 

AI ഇതിനകം തന്നെ ആളുകളുടെ പ്രവർത്തനരീതിയും പഠനരീതിയും പരിചരണ ലഭ്യതയും മാറ്റുന്നു. ഇതിന് അസാധാരണമായ നേട്ടങ്ങൾ കൈവരിക്കാനുള്ള ശേഷിയുണ്ട്—വേഗത്തിലുള്ള മെഡിക്കൽ മുന്നേറ്റങ്ങൾ, ശാസ്ത്രീയ കണ്ടെത്തലുകൾ, വ്യക്തിഗതമായ ആരോഗ്യപരിചരണവും വിദ്യാഭ്യാസ സേവനങ്ങളും,സര്‍ഗാത്മകമായ സൃഷ്ടിപരതയ്ക്കുള്ള ഉപകരണങ്ങൾ, ഉയർന്ന ഉൽപ്പാദനക്ഷമതയും സാമ്പത്തിക വളർച്ചയും, മെച്ചപ്പെട്ട ഗതാഗത സംവിധാനങ്ങൾ പോലുള്ള പൊതുസേവനങ്ങൾ. ഈ സാധ്യതയിലുള്ള ഞങ്ങളുടെ വിശ്വാസം OpenAI സ്ഥാപിതമായതുമുതൽ ഞങ്ങള്‍ക്ക് വഴികാട്ടുന്നു.

എന്നാൽ മനുഷ്യരാശിക്ക് പ്രയോജനപ്പെടുന്ന ശക്തമായ സംവിധാനങ്ങൾ നിർമ്മിക്കുന്നത് ഞങ്ങളുടെ ദൗത്യത്തിന്റെ ഒരു ഭാഗം മാത്രമാണ്. വിപുലമായ AI മോഡലുകൾ ഇതിനകം തന്നെ ഉയർന്നുവരുന്ന പുതിയ വെല്ലുവിളികൾ അവതരിപ്പിക്കും. ഈ വെല്ലുവിളികളെ തിരിച്ചറിയാനും അവയെ അഭിസംബോധന ചെയ്യുന്നതിനുള്ള പരിഹാരങ്ങൾ വികസിപ്പിക്കാനും നാം തയ്യാറായിരിക്കണം. 

ഫൗണ്ടേഷൻ വഴി ഞങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നതിന്റെ രണ്ട് വ്യത്യസ്ത തലങ്ങള്‍ ഇവയാണ്. മനുഷ്യരാശി നേരിടുന്ന ഏറ്റവും ദുഷ്കരമായ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്താൻ AI ഉപയോഗം സാധ്യമാക്കുക, ആളുകൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളുടെ പരിധി വികസിപ്പിക്കുക, ആളുകളുടെ ജീവിതത്തിൽ യഥാർത്ഥ നേട്ടങ്ങൾ ഉണ്ടാക്കുക—ഇതാണ് ഞങ്ങളുടെ ലക്ഷ്യം. AI മുന്നേറുന്നതിനനുസരിച്ച് പുതിയ വെല്ലുവിളികൾക്ക് തയ്യാറാകാനും സമൂഹത്തെ കൂടുതൽ പ്രതിരോധക്ഷമമാക്കാനും പങ്കാളികളോടൊപ്പം ഞങ്ങൾ തുടർച്ചയായി പ്രവർത്തിക്കും.    

ഈ പ്രവർത്തനം വെറും തുടക്കമാണ്. അടുത്ത ഒരു വർഷത്തിനിടെ, ഞങ്ങൾ വേഗത്തിൽ പ്രവർത്തനം വിപുലീകരിക്കുമ്പോൾ, ലൈഫ് സയൻസസ്, രോഗങ്ങൾ ഭേദമാക്കൽ, തൊഴിൽ അവസരങ്ങളും സാമ്പത്തിക സ്വാധീനവും, AI പ്രതിരോധശേഷി, സമൂഹ പരിപാടികൾ എന്നിവയിലായി ഫൗണ്ടേഷൻ, കുറഞ്ഞത് $1 ബില്യൺ (ഏകദേശം 83,00,00,00,000 രൂപ) നിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ, രോഗങ്ങൾ ഭേദമാക്കലിനും AI പ്രതിരോധശേഷിക്കുമായി മുൻപ് പ്രഖ്യാപിച്ച ഞങ്ങളുടെ $25 ബില്യൺ പ്രതിബദ്ധത ലക്ഷ്യമിട്ടുള്ള പ്രാരംഭ നിക്ഷേപങ്ങൾ ഉൾപ്പെടുന്നു.

വരാനിരിക്കുന്ന മാസങ്ങളിൽ, ഞങ്ങൾ നിർമ്മിക്കുകയും പഠിക്കുകയും ഞങ്ങളുടെ സമീപനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനനുസരിച്ച്, പുതിയ ഗ്രാന്റുകളുടെയും പരിപാടികളുടെയും സഹായത്തോടെ ഞങ്ങളുടെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം ഈ ഓരോ മേഖലയിലും അപ്ഡേറ്റുകൾ പങ്കുവെക്കുന്നതാണ്.

ലൈഫ് സയൻസസ് & രോഗങ്ങൾ ഭേദമാക്കൽ1

ഞങ്ങൾ ലൈഫ് സയൻസസ് & രോഗങ്ങൾ ഭേദമാക്കൽ മേഖലയിൽ പ്രവർത്തനം ആരംഭിക്കുന്നു. ജീവൻ രക്ഷിക്കാനും ജീവിതങ്ങൾ മെച്ചപ്പെടുത്താനും ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ പുരോഗതി വേഗത്തിലാക്കാൻ AI-യ്ക്ക് വലിയ സാധ്യതയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ മേഖലകളിൽ AI-യുടെ കഴിവുകളുടെ നിരവധി പ്രാരംഭ സൂചനകൾ ഞങ്ങൾ ഇതിനകം കണ്ടു. ഗവേഷകർ AI ഉപയോഗിച്ച് രോഗങ്ങളെ കൂടുതൽ നന്നായി മനസ്സിലാക്കാനും, അവയെ പ്രതിരോധിക്കാനും ചികിത്സിക്കാനും പുതിയ മാർഗങ്ങൾ കണ്ടെത്താനും, ലാബിൽ നിന്നുള്ള ആശയങ്ങൾ രോഗികളിലേക്ക് വേഗത്തിൽ എത്തിക്കാനും പ്രവർത്തിക്കുന്നു.

ഫൗണ്ടേഷനിൽ, ഈ പ്രവർത്തനം യഥാർത്ഥ മാറ്റം സൃഷ്ടിക്കാനാകുമെന്ന് ഞങ്ങൾ കരുതുന്ന പ്രാരംഭ ശ്രദ്ധാകേന്ദ്രങ്ങളായ മൂന്ന് മേഖലകൾ തിരിച്ചറിഞ്ഞിട്ടുണ്ട്

  • അൽഷിമേഴ്‌സിനായുള്ള AI: കുടുംബങ്ങൾ നേരിടുന്ന ഏറ്റവും കഠിനവും ഹൃദയഭേദകവുമായ രോഗങ്ങളിൽ ഒന്നാണ് അൽഷിമേഴ്‌സ്. ഇത് വൈദ്യശാസ്ത്രത്തിലെ ഏറ്റവും ദുഷ്കരമായ പ്രശ്നങ്ങളിലൊന്നുമാണ്. സങ്കീർണ്ണമായ ഡാറ്റയിലുടനീളം യുക്തിസഹമായി വിശകലനം ചെയ്യാനുള്ള AI-യുടെ കഴിവ് ഗവേഷകർക്ക് പുതിയ ഉൾക്കാഴ്ചകൾ കണ്ടെത്താൻ സഹായിക്കും. രോഗവഴികൾ കൃത്യമായി തിരിച്ചറിയുക, ചികിത്സയ്ക്കും ക്ലിനിക്കൽ പരീക്ഷണങ്ങൾക്കുമായി ബയോമാർക്കറുകൾ കണ്ടെത്തുക, ചികിത്സകൾ കൂടുതൽ വ്യക്തിഗതമാക്കുക എന്നിവയിൽ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഞങ്ങൾ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കും. സാധ്യമാകുന്ന ഇടങ്ങളിൽ, നിലവിൽ FDA അംഗീകരിച്ച മരുന്നുകൾ മറ്റ് ചികിത്സകൾക്കായി ഉപയോഗപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടും.

  • ആരോഗ്യരംഗത്തെ പൊതുവിവരങ്ങൾ: വൈദ്യശാസ്ത്രത്തിലെ പല വലിയ മുന്നേറ്റങ്ങളും സാധ്യമായത് ശാസ്ത്രീയ വിവരങ്ങൾ പങ്കുവെച്ചതിലൂടെയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയുള്ള ശാസ്ത്രീയ കണ്ടെത്തലുകൾ പ്രാവർത്തികമാക്കുന്നതിന് വിവരങ്ങൾ പൊതുവായി ലഭ്യമാകുക എന്നത് അത്യന്താപേക്ഷിതവുമാണ്. തുറന്നതും ഉയർന്ന നിലവാരമുള്ളതുമായ ഡാറ്റാസെറ്റുകൾ സൃഷ്ടിക്കാനും വിപുലീകരിക്കാനും ഞങ്ങൾ പങ്കാളികളെ സഹായിക്കും. ആവശ്യമായിടത്ത്, മുമ്പ് അടച്ചിരുന്നതായ ഡാറ്റാസെറ്റുകൾ ഉത്തരവാദിത്തത്തോടെ തുറക്കാനും സഹായിക്കും. ഇതുവഴി, എല്ലായിടത്തുമുള്ള ഗവേഷകർക്ക് AI പ്രയോജനപ്പെടുത്തി ഡാറ്റ ഉപയോഗിച്ച് വിവിധ രോഗങ്ങളിൽ പുരോഗതി കൈവരിക്കാൻ കഴിയും.

  • ഉയർന്ന-മരണനിരക്കും ഉയർന്ന-രോഗഭാരവുമുള്ള രോഗങ്ങളിലെ പുരോഗതി വേഗത്തിലാക്കൽ: ശാസ്ത്രീയ മുന്നേറ്റങ്ങൾ കൈവരിക്കാൻ AI സഹായിക്കുമെന്ന്, കൂടാതെ ചികിത്സാരീതികൾ വികസിപ്പിക്കുന്നതിലോ പുനർവിനിയോഗിക്കുന്നതിലോ ഉള്ള ചെലവും അപകടസാധ്യതയും കുറയ്ക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, പ്രത്യേകിച്ച് മതിയായ ധനസഹായം ലഭിക്കാത്ത ഉയർന്ന-മരണനിരക്കും ഉയർന്ന-രോഗഭാരവുമുള്ള രോഗമേഖലകളിൽ. AI ഗവേഷകരെയും രോഗവിദഗ്ധരെയും ഞങ്ങൾ ഒന്നിച്ചുകൊണ്ടുവരും. ഇതിനായി, ശാസ്ത്രജ്ഞരെ AI ഉപകരണങ്ങളിലൂടെ എങ്ങനെ ഏറ്റവും ഫലപ്രദമായി ശാക്തീകരിക്കാമെന്നും പ്രതീക്ഷാജനകമായ അവസരങ്ങൾ കണ്ടെത്താനുമുള്ള മാർഗങ്ങൾ തിരിച്ചറിയുന്നതിനായി ലക്ഷ്യബോധമുള്ള ഒരു വർക്ക്‌ഷോപ്പോടെ ആരംഭിക്കും.

ജേക്കബ് ട്രെഫെതൻ ലൈഫ് സയൻസസിന്റെയും രോഗങ്ങൾ ഭേദമാക്കലിന്റെയും മേധാവിയായി ഈ പ്രവർത്തനത്തിന് നേതൃത്വം നൽകും. അദ്ദേഹം Coefficient Giving-ൽ നിന്നാണ് ചേരുന്നത്, അവിടെ ശാസ്ത്രത്തിനും ഹെൽത്തിനുമായി 500 മില്യൺ ഡോളറിലധികം ഗ്രാന്റ് വിതരണത്തിന് അദ്ദേഹം മേൽനോട്ടം വഹിച്ചു.

തൊഴിലവസരങ്ങളും സാമ്പത്തിക സ്വാധീനവും 

AI, ജോലിയുടെ സ്വഭാവത്തെയും സമ്പദ്‌വ്യവസ്ഥയെയും മാറ്റും. ഇത് വെല്ലുവിളികളും അവസരങ്ങളും ഒരുപോലെ സൃഷ്ടിക്കും. ഇത് അത്യന്തം പ്രധാനമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഈ മേഖലയിലെ പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കാനും ധനസഹായം നൽകാനും ഫൗണ്ടേഷൻ വിദഗ്ധരുമായും സമൂഹങ്ങളുമായും, സിവിൽ സമൂഹം, ചെറുകിട ബിസിനസ് ഉടമകൾ, തൊഴിലാളി യൂണിയനുകൾ, പ്രമുഖ സാമ്പത്തിക വിദഗ്ധർ, നയരൂപകർ എന്നിവരുമായി ഇടപെടൽ ആരംഭിച്ചിട്ടുണ്ട്. ഏറ്റവും പ്രതീക്ഷാജനകമായ സമീപനങ്ങൾക്ക് പിന്തുണയായി ഗണ്യമായ വിഭവങ്ങൾ വിന്യസിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. വരാനിരിക്കുന്ന ആഴ്ചകളിൽ കൂടുതൽ വിവരങ്ങൾ ഞങ്ങൾ പങ്കുവെക്കും.

AI പ്രതിരോധശേഷി

മുൻപ് പ്രഖ്യാപിച്ചതുപോലെ, AI പ്രതിരോധ ശേഷിയും ഞങ്ങളുടെ പ്രധാന പരിപാടികളിലൊന്നായിരിക്കും. ഈ പ്രവർത്തനം കൂടുതൽ കഴിവുള്ള AI-കള്‍ വഴി അനിവാര്യമായി ഉയർന്നുവരുന്ന പുതിയ വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതുവഴി ആളുകൾക്ക് AI-യിൽ നിന്ന് മനുഷ്യ ഏജൻസി, സൃഷ്ടിപരത, അവസരങ്ങൾ എന്നിവയെ പിന്തുണയ്ക്കുകയും വിപുലീകരിക്കുകയും ചെയ്യുന്ന രീതികളിൽ പൂർണ്ണമായും പ്രയോജനം നേടാൻ കഴിയും.

പ്രഭാവത്തെക്കുറിച്ചുള്ള ആശങ്കകൾ ഇതിനകം തന്നെ വ്യക്തമായിരിക്കുന്നതും, പ്രാരംഭ പ്രവർത്തനങ്ങളില്‍ യഥാർത്ഥ മാറ്റം സൃഷ്ടിക്കാൻ കഴിയുമെന്ന് ഞങ്ങൾ കരുതുന്നതുമായ ചില മേഖലകളിൽ ഞങ്ങൾ ആദ്യഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും:

  • കുട്ടികളിലും യുവജനങ്ങളിലുമുള്ള AI-യുടെ സ്വാധീനം: AI ഉപകരണങ്ങൾ യുവജനങ്ങൾക്ക് സുരക്ഷിതമാണെന്നും ആരോഗ്യകരമായ വികസനത്തെ പിന്തുണയ്ക്കുന്നുവെന്നും ഉറപ്പാക്കാൻ ഞങ്ങൾ സഹായിക്കാൻ ആഗ്രഹിക്കുന്നു. അതിൽ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിലും മൂല്യനിർണയത്തിലും നിക്ഷേപം നടത്തുന്നതും, AI-യും കുട്ടികളും യുവജനങ്ങളും തമ്മിലുള്ള സുരക്ഷിതവും പ്രയോജനകരവുമായ ഇടപെടലുകൾ ഉറപ്പാക്കാൻ സഹായിക്കുന്ന ഉചിതമായ സുരക്ഷാ സംരക്ഷണങ്ങൾ തിരിച്ചറിയാൻ വിവിധ മേഖലകളിലുടനീളം പ്രവർത്തിക്കുന്നതും ഉൾപ്പെടുന്നു.

  • ജൈവസുരക്ഷ: പ്രകൃതിദത്തമായോ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയോ ഉണ്ടായേക്കാവുന്ന പകർച്ചവ്യാധി ഭീഷണികളെ നേരിടാൻ സമൂഹത്തെ കൂടുതൽ സജ്ജമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. രോഗനിർണ്ണയം, പ്രതിരോധം, ആഘാതം കുറയ്ക്കൽ എന്നിവ മെച്ചപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു. 

  • AI മോഡൽ സുരക്ഷ: AI സിസ്റ്റങ്ങൾ സ്ഥിരസ്ഥിതിയായി കൂടുതൽ സുരക്ഷിതമാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിന്റെ അർത്ഥം സ്വതന്ത്ര പരിശോധനകളും വിലയിരുത്തലുകളും പിന്തുണയ്ക്കുക, പുതിയതും കൂടുതൽ ശക്തവുമായ വ്യവസായ നിലവാരങ്ങൾ വികസിപ്പിക്കുക, കൂടാതെ സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാനോ അവ നേരത്തേ കണ്ടെത്തി പരിഹരിക്കാനോ സഹായിക്കുന്ന അടിസ്ഥാന ഗവേഷണത്തിന് ധനസഹായം നൽകുക എന്നതാണ്.

OpenAI-യുടെ സഹസ്ഥാപകനായ വോയ്ചെക് സരെംബ, ഈ പ്രവർത്തനത്തിന് നേതൃത്വം നൽകാൻ AI റെസിലിയൻസിന്റെ മേധാവിയായി ഫൗണ്ടേഷനിൽ ചേരുന്നു.

കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നു

പ്രാരംഭ പീപ്പിൾ-ഫസ്റ്റ് AI ഫണ്ടിൽ നിന്നുള്ള ഗ്രാന്റുകളുടെ അവസാന ഘട്ടം, കൂടാതെ അടുത്തതായി എന്താണ് വരുന്നതെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും, ഞങ്ങൾ ഉടൻ പ്രഖ്യാപിക്കും.

ഞങ്ങളുടെ ലാഭേച്ഛയില്ലാത്ത കമ്മീഷന്റെ ശുപാർശ പ്രകാരം ആരംഭിച്ച ഈ പ്രവർത്തനത്തിലൂടെ, AI വരുത്തുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ ജനങ്ങളെ സഹായിക്കുന്നതിൽ കമ്മ്യൂണിറ്റി അധിഷ്ഠിത സംഘടനകൾക്ക് സവിശേഷമായ പങ്കുണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. ഈ മേഖലയിൽ മികച്ച വിശ്വാസ്യതയുള്ള ഇത്തരം ഗ്രൂപ്പുകൾ അവർ സേവിക്കുന്ന സമൂഹങ്ങളോട് ഏറ്റവും ചേർന്നുനിൽക്കുന്നവരും താഴെത്തട്ടിലുള്ള നിർണ്ണായക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരുമാണ്.

സമൂഹങ്ങളെ പിന്തുണയ്ക്കുന്ന സംരംഭങ്ങളിൽ നിക്ഷേപം തുടരുകയും, AI- യെ മനസ്സിലാക്കാനും, അതിന്റെ കഴിവുകളിൽ നിന്ന് പ്രയോജനം നേടാനും, അത് കൊണ്ടുവരുന്ന മാറ്റങ്ങളോട് പൊരുത്തപ്പെടാനും ആളുകൾക്ക് സഹായം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.

ഞങ്ങളുടെ ടീം വികസിപ്പിക്കൽ

Wojciech-നും Jacob-നും പുറമേ, ഞങ്ങളുടെ പ്രവർത്തനം വലിയ തോതിൽ മുന്നോട്ട് കൊണ്ടുപോകാൻ ഒരു ടീം രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്.

ഏപ്രിൽ പകുതിയോടെ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ, എൻ‌ജി‌ഒകൾ, ജീവകാരുണ്യ സംഘടനകൾ, വിശാലമായ സിവിൽ സൊസൈറ്റി മേഖല എന്നിവയുടെ പ്രവർത്തനങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വേഗത്തിലാക്കാനും വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി അന്ന മകഞ്ചു (Anna Makanju) സിവിൽ സൊസൈറ്റി ആൻഡ് ഫിലാന്ത്രോപ്പിയുടെ AI വിഭാഗം മേധാവിയായി ആയി ചുമതലയേൽക്കും. മുമ്പ് OpenAI-ൽ ഗ്ലോബൽ ഇംപാക്ട് വിഭാഗം വൈസ് പ്രസിഡന്റായി അന്ന സേവനമനുഷ്ഠിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ആഴ്ചകളിൽ ഈ പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കിടാൻ ഞങ്ങൾ കാത്തിരിക്കുന്നു.

റോബർട്ട് കൈഡൻ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ചേരുന്നു. റോബർട്ട് മുമ്പ് ഡെലോയിറ്റ്, ട്വിറ്റർ, ഇൻസ്പിറാറ്റോ എന്നിവിടങ്ങളിൽ സീനിയർ നേതൃത്വ പദവികൾ വഹിച്ചിട്ടുണ്ട്. ഞങ്ങൾ വളരുന്നതിനനുസരിച്ച്, ഫൗണ്ടേഷൻ ശക്തമായ സാമ്പത്തിക അച്ചടക്കത്തോടെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ അദ്ദേഹം സഹായിക്കും.

ജെഫ് ആർണോൾഡ്, ഓപ്പറേഷൻസ് ഡയറക്ടറായി ചേരുന്നു. ജെഫ്, OpenAI-യുടെ പ്രാരംഭ അംഗങ്ങളിൽ ഒരാളായിരുന്നു. അദ്ദേഹം കമ്പനികളെ നിർമ്മിക്കാനും വളർത്തിക്കൊണ്ടുപോകാനും തന്റെ കരിയർ ചെലവഴിച്ചു; Oracle, Dropbox എന്നിവിടങ്ങളിലെ നേതൃത്വ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. ഫൗണ്ടേഷന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാൻ ആവശ്യമായ പ്രവർത്തന സംവിധാനങ്ങൾ കെട്ടിപ്പടുക്കാൻ അദ്ദേഹം സഹായിക്കും. 

ഫൗണ്ടേഷൻ ബോർഡ് കൂടാതെ ഒരു എക്സിക്യൂട്ടീവ് ഡയറക്ടറെയും അന്വേഷിച്ചുകൊണ്ടിരിക്കുന്നു. വരാനിരിക്കുന്ന മാസങ്ങളിൽ ടീമിലേക്ക് അംഗങ്ങളെ ചേർക്കുന്നത് ഞങ്ങൾ തുടരും.

അടുത്തതായി വരാന്‍ പോകുന്നത്

AI സാധ്യമാക്കാൻ കഴിയുന്നതിന്റെ തുടക്കത്തിലാണ് ഞങ്ങൾ ഇപ്പോഴും.

ഈ സാങ്കേതികവിദ്യകൾ ആളുകൾക്ക് യഥാർത്ഥ പുരോഗതിയിലേക്ക് നയിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് അവസരവും ഉത്തരവാദിത്വവും. ഞങ്ങൾ വേഗത്തിൽ പഠിക്കുകയും, പങ്കാളികളുമായി അടുത്ത് പ്രവർത്തിക്കുകയും, സ്കെയിൽ ചെയ്യാനും പരിവർത്തനം സൃഷ്ടിക്കാനും കഴിയുന്ന പരിഹാരങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യും.

കൂടുതൽ ആളുകൾക്ക് ഏറ്റവും ദുഷ്കരമായ പ്രശ്നങ്ങൾ പരിഹരിക്കാനും, തങ്ങൾ സ്നേഹിക്കുന്നവരെ കൂടുതൽ നന്നായി പരിചരിക്കാനും, മുമ്പ് കൈവരിക്കാൻ കഴിയാതിരുന്ന തൃപ്തികരമായ ജീവിതങ്ങൾ നിർമ്മിക്കാനും സഹായിക്കുന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

മുന്നിലുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ഞങ്ങൾ ആവേശഭരിതരാണ്, കൂടാതെ വരാനിരിക്കുന്ന മാസങ്ങളിൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കും.

Footnotes

  1. 1

    Previously referred to as Health & Curing Diseases, this program has been renamed Life Sciences to reflect the Foundation’s focus on advancing biology and medical research as core to curing disease.